Verse 1എന്നവിടെ വന്നു ചേരും ഞാൻ മമ കാന്ത, നിന്നെ
വന്നു കണ്ടു വാഞ്ഛ തീരും ഹാ!
നിന്നോടു പിരിഞ്ഞിന്നരകുല-ത്തിരിക്കയെന്നതിന്നൊരിക്കലും സുഖം
തന്നിടുന്നതില്ലാകയാൽ പരനേശുവേ, ഗതി നീയെനിക്കിനി
Verse 2നിൻമുഖത്തു നിന്നു തൂകുന്ന മൊഴിയെന്റെ താപം
ഇന്നു നീക്കിടുന്ന നായകാ!
നിന്നതിമൃദുവായ കൈയിനാലെന്നെ നീ തടവുന്നൊരക്ഷണം
കണ്ണുനീരുകളാ-കവേയൊഴിഞ്ഞുന്നതാനന്ദം വന്നിടുന്നുമേ
Verse 3പൊന്നുപാദ സേവയെന്നിയേ പരനേയെനിക്കു
മന്നിലില്ല സൗഖ്യമൽപ്പവും
മന്നനേ ധനധാന്യവൈഭവം മിന്നലിന്നിടകൊണ്ടശേഷവും
തീർന്നുപോയുടമസ്ഥരന്ധതയാർന്നു വാഴുക മാത്രമേ വരൂ
Verse 4തിത്തിരികളന്യമുട്ടയെ വിരിയിച്ചിടുംപോൽ
ലുബ്ധരായോർ ഭൂ ധനങ്ങളെ
ചേർത്തുകൂട്ടിയിട്ടാധനങ്ങളിൻമേൽ പൊരുന്നിരുന്നായവ വിരി
ഞ്ഞാർത്തി നൽകിടും മാമോൻ കുട്ടികളായ് പുറപ്പെടുന്നാർത്തനാഥനേ
Verse 5നല്ല വസ്ത്രം നല്ല ശയ്യകൾ സുഖസാധനങ്ങളില്ലിവയിലാശ ദാസനു
വല്ലഭാ! തിരുമേനി-യേതിലുമേതുമായെനിക്കുള്ളതാലൊരു
തെല്ലുമല്ലലെന്നുള്ളിലില്ലതു കില്ലൊഴിഞ്ഞുരചെയ്തിടാം വിഭോ!
Verse 6നിന്നെയോർക്കും നേരമീശനേ! വളരും പ്രയാസം
എന്നിൽനിന്നു മാഞ്ഞുപോകുന്നേ
നിന്നടിമലർ സേവയാലെനിക്കുള്ള പീഡകളാകവേ തിരു
മുന്നിൽ വന്നിടുംപോതു നീങ്ങിയെന്നുള്ളമാനന്ദംകൊണ്ടു തുള്ളുമേ
Verse 7കാത്തിരിക്കുന്നാത്മ നാഥനേ! ഭൂവനത്തിനുള്ള
കാത്തിരിപ്പിൻ പൂർത്തിനാളിനെ മത്സരക്കുലം ലജ്ജയാൽ
മുഖം താഴ്ത്തിടും പടിയെങ്ങൾ ദണ്ഡുകൾ
പൂക്കണേ പുതുഭംഗിയിൽ ബദാം കായ്കളെയവ കായ്ക്കണേ തദാ